
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ ജോലി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി.
മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് നിരഞ്ജന നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു. കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് പ്രതി.











